
അജാനബാഹുക്കളെ കണ്ടപ്പോള്‍
പ്രഥമ പ്രവാസ രാത്രിയില്‍ ഞാനറിഞ്ഞു
ഇവരാണ് പട്ടാണികള്‍,എന്‍ നാടിനയല്‍ക്കാര്‍
ഭയപ്പാടിന്‍റെയും ഭാഷയുടെയും
അതിര്‍ വരമ്പുകള്‍ തെല്ലൊന്നു അകന്നുമാറിയപ്പോള്‍
സൗഹൃദത്തിന്‍റെ കനത്ത റൊട്ടിയില്‍
അവര്‍ എനിക്കു സ്നേഹത്തിന്‍റെ ദാലോഴിച്ചു
സഹമുറിയന്മാരാം ഞങള്‍ക്കിടയില്‍
രാജ്യാതിര്‍ത്തിതീര്‍ത്തത് ക്രിക്കറ്റിനെ കുറിച്ച് മാത്രമാണ്
സാനിയ ദീദിയെ കെട്ടിച്ചയച്ച-
മനക്ലേശത്തിന്‍റെ രാത്രിയില്‍ കാലില്‍ തറച്ച -
സൈറ്റിലെ ആണി നല്‍കിയ -
അസഹ്യവേദനക്ക് കാവലിരുന്ന
ഈ പാക്കിസ്ഥാനി ചങ്ങാതിയുടെ ഹൃദയത്തിനും
എന്‍റെ ഹൃദയത്തിനും കുറുകെ –
ആരും കമ്പിവേലി കെട്ടിയില്ല.
ഒരു പട്ടാള കാവലുമില്ല.
പരസ്പ്പരം കണ്ണുനീരില്‍ കുതിര്‍ന്ന
വേര്‍പ്പാടിന്റ്റെ കന്മഷം പടര്‍ത്തിയ
ഫോര്‍ക്കുലിഫ്ട്ടിന്‍ അടിയില്‍ അരഞ്ഞു പോയ
ആ പാക്കിസ്ഥാനി ചങ്ങാതിയുടെ കബറിലേക്ക്
വാരിയിട്ട മൂനുപിടി ചുടുമണല്‍-
എന്നോട് എഴുന്നു ചോദിക്കുന്നു
ഈ മൂനുപിടി മണ്ണിനുമുണ്ടോ
അതിരുകള്‍ തീര്‍ത്ത പട്ടാളകാവല്‍...?