സുബര്‍ക്കത്തിന്‍റെ മണം-ന്നാ
ഈ അത്തറ് പുരട്ടി തന്ന്,
പെറ്റുമ്മ പറയാറ്.
ചുവന്ന കൂടിനു പുറത്തെ
പുതിയാപ്ലയും,പുതിണ്ണും
അറബികഥയില രാജകുമാരനും,
രാജകുമാരിയുമായി തോനി !
"പ്രേമത്തിന്‍റെ പരിമളം അത്
ഒളിച്ചു വെച്ചാലും,ഒളിച്ചിരിക്കില്ല"
ന്ന്-എന്നെ അനുഭവിപ്പിച്ചു.
ജുമായ്ക്ക് പോവുമ്പോള്‍,കൂട്-
തുറന്ന് പഞ്ഞിയെടുത്തു നനച്ചു,
ചെവിയില്‍ തിരുകി തന്നു പെറ്റുമ്മ.
പ്രണയത്തിന്‍റെ ഗന്ധം ചെവിയില്‍-
പേറുമ്പോള്‍,പ്രണയിനിക്കായ്-
ചെവി മുറിച്ചവന്‍റെ കഥ പറഞ്ഞ്-
തന്നത്,കൂട്ടുകാരന്‍ മണികണ്ഠനാണ്.
മരണവീട്ടിലും, വയല്‍ വരമ്പിലൂടെ,
മയ്യത്ത് കൊണ്ടുപോയപ്പോഴും,
അത്തറിന്‍റെ മണംപരന്നു.
സുബര്‍ക്കത്തില്‍ നിന്ന് 'റൂഹെ'ടുക്കാന്‍
വന്നവരുടെ മണമായിരിക്കും.
ജന്നാത്തുല്‍ ഫിര്‍ദൗസിന്‍റെ മണവുമായി
ആരോ പിന്നിലുണ്ടന്നു തോണിയനേരം,
ചുമരിലെ ഘടികാരത്തില്‍ സൂര്യന്‍-
അസ്തമിച്ചിരുന്നു.
-ജമാല്‍ മൂക്കുതല-