2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

വിടില്യാ...ഞാന്‍..!

അശാന്തിയുടെ അപസൂചനകള്‍
ആഗോളമാന്ദ്യമായി അരികുചേരുന്നു.
                                                                             
അരിക്ക് സര്‍ക്കാരുകളുടെ ഔദാരിവില.

അങ്ങാടിയില്‍ മറ്റുപലതിനും കനകവിലയും.

കനകത്തിന്‍ വിലയോ..!കാടുംമേടും കേറി -

കഴുക്കോലും പൊളിച്ച് വാനത്തേയ്ക്ക് .

വയറിനകത്ത്‌ ആളുന്ന തീയ്യില്‍ -

പതിനെട്ടുകഴിഞ്ഞ മകളുടെ മുഖം.

ഇനിയും പണിതിട്ടില്ലാത്ത വീടിന്റെ -

വടക്കേ കോലായിലിരുന്ന് വരാന്‍ പോകുന്ന

ആദിയുടെ കെട്ടഴിക്കുന്ന കെട്ട്യോളുടെ മുഖം.

മുഖം മൂടികള്‍ ആവശ്യമേറി വന്നിരിക്കുന്നു,

മുഖച്ചായകള്‍ മാറുന്ന കാലത്തിനൊപ്പം നടക്കാന്‍.

നടന്നു പോയ വരമ്പുകള്‍ ഇന്നില്ല.പിടിച്ചു നില്‍ക്കാന്‍

അതിരത്തു നട്ട മരംപോലും വിറ്റുവിശപ്പടക്കി.

നാട്ടുരാജാക്കന്മാരുടെ ഊഹ കച്ചവടത്തിന്റെ

കുടം പൊട്ടിച്ചു പുറത്തു ചാടിയ ഭൂതം നമുക്ക്

പിറകെ പായുന്നു.ആര്‍ത്തനാദങ്ങള്‍‍ക്കിടയിലും

അവന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു,

വിടില്യാ.....ഞാന്‍ ....,