2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

വിടില്യാ...ഞാന്‍..!

അശാന്തിയുടെ അപസൂചനകള്‍
ആഗോളമാന്ദ്യമായി അരികുചേരുന്നു.
                                                                             
അരിക്ക് സര്‍ക്കാരുകളുടെ ഔദാരിവില.

അങ്ങാടിയില്‍ മറ്റുപലതിനും കനകവിലയും.

കനകത്തിന്‍ വിലയോ..!കാടുംമേടും കേറി -

കഴുക്കോലും പൊളിച്ച് വാനത്തേയ്ക്ക് .

വയറിനകത്ത്‌ ആളുന്ന തീയ്യില്‍ -

പതിനെട്ടുകഴിഞ്ഞ മകളുടെ മുഖം.

ഇനിയും പണിതിട്ടില്ലാത്ത വീടിന്റെ -

വടക്കേ കോലായിലിരുന്ന് വരാന്‍ പോകുന്ന

ആദിയുടെ കെട്ടഴിക്കുന്ന കെട്ട്യോളുടെ മുഖം.

മുഖം മൂടികള്‍ ആവശ്യമേറി വന്നിരിക്കുന്നു,

മുഖച്ചായകള്‍ മാറുന്ന കാലത്തിനൊപ്പം നടക്കാന്‍.

നടന്നു പോയ വരമ്പുകള്‍ ഇന്നില്ല.പിടിച്ചു നില്‍ക്കാന്‍

അതിരത്തു നട്ട മരംപോലും വിറ്റുവിശപ്പടക്കി.

നാട്ടുരാജാക്കന്മാരുടെ ഊഹ കച്ചവടത്തിന്റെ

കുടം പൊട്ടിച്ചു പുറത്തു ചാടിയ ഭൂതം നമുക്ക്

പിറകെ പായുന്നു.ആര്‍ത്തനാദങ്ങള്‍‍ക്കിടയിലും

അവന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു,

വിടില്യാ.....ഞാന്‍ ....,


2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

കപടസന്യസികള്‍

ബോധിവൃക്ഷതണലില്‍ ‍
ബോധമില്ലാതെ കിടക്കുന്നിവര്‍
നേരും നുണയും തിരയാതെ,
കാലത്തിന്‍ കണ്ണാടിയില്‍
തെളിയും പേക്കോലങ്ങള്‍‍.
ബുദ്ധന്റെ വഴിയില്‍ ഇരുള്‍‍ -
നിറച്ചിവ‍ര്‍,ദിക്കറിയാതെ,
വാക്കറിയാതെ ഉഴലുന്നു.
സര്‍വ്വപരിത്യാഗിയെ,വെള്ള-
പുതപ്പിച്ചു,സര്‍വ്വാധികാരത്തിന്‍ ‍
‍കാഷായം പുതച്ചവര്‍*

ചക്കകള്‍

വീണിതല്ലയോ കിടക്കുന്നു ചക്കകള്‍

വേരുകള്‍ ആഴത്തിലാഴ്ന്നു പോയ

കാലത്തിന്‍ മുറ്റത്ത്. മുത്തശ്ശി പറഞ്ഞു

മൂമാസം ചക്കയാണന്ന് .ചക്കമാത്രം തിന്ന

കാലത്തിന്‍ കഥകളൊക്കെ പഴങ്കഥകള്‍.

കാലംമാറിയ കാലമിതില്‍ ചക്കകള്‍

പാണ്ടിലോറിയില്‍ കയറിപോയി

രൂപം മാറി ഭാവം മാറി തിരികെ

വന്നീടുമ്പോള്‍ മലയാളി ക്യുവില്‍

നില്‍ക്കുന്നു ,നല്ല വില നല്‍കി

ശര്‍ക്കരഉപ്പേരിയും ചക്കവറ്ത്തതും-

ചക്ക പലവക വാങ്ങീടുവാന്‍.

"ഗള്‍ഫില്‍ ഒരു ചെറിയ കഷ്ണം ചക്കക് 15 ദിര്‍ഹം"

2011, ജൂലൈ 27, ബുധനാഴ്‌ച

പാളങ്ങള്‍

അപരിചിതത്വത്തിന്റെ പാളങ്ങളില്‍
വൈകിവന്ന ഈവണ്ടി കമ്പാര്ടുമെന്റില്‍
പരസ്പരം പരിചയപ്പെടാനുള്ള മടിയൊന്നു
മില്ലയിരുന്നു,നമുക്കിടയില്‍പിന്നീടുള്ളയാത്ര.

സഹയാത്രികേ,നിന്റെ തെറിച്ച വാക്കുകള്‍,
ട്രെയിനിന്റെ ഇരമ്പലിനേക്കള്‍ എന്നെ-
കോരിത്തരിപ്പിച്ചു.നിന്റെ ശരീരവടിവുകള്‍,
എന്റെ ദൂരകാഴ്ച്ചകളെ നഷ്ട്ടപ്പെടുത്തി.
പുറത്തെ മഴയും നമുക്കിടയില്‍ തണുപ്പ് നിറച്ചു.
എന്നിട്ടും മനസ്സെനോട് പറഞ്ഞു,


"അനുവാദമില്ലാതെ നിന്റെ കരസ്പര്‍ശം-
അവള്‍ക്കുമീതെ പതിയരുത് "
പക്ഷേ,നീയെന്നെ പ്രലോഭിപ്പിച്ചേയിരുന്നു.
ട്രെയിനിന്റെ താളത്തിനൊപ്പം,അതിന്റെ,
ശീല്‍ക്കാരത്തിനൊപ്പം നീ എന്നിലേയ്ക്ക്-
ചാഞ്ഞുകൊണ്ടേയിരുന്നു.


ടിക്കറ്റെടുക്കാത്ത യാത്രക്ക് ഭംഗം വരുത്തി
"ടിടിയാര്‍" ‍വന്നപ്പോള്‍ നൂറു പേര്‍ക്കൊപ്പം,
നീ എന്റെ പേരും പറഞ്ഞു .
ലൈംഗീകതൃഷ്ണകളുടെ പാളത്തിലേയ്ക്ക്-
സമയംതെറ്റി വന്ന വണ്ടി പാഞ്ഞുകയറിയ-
ജീവിതം അപമാനത്താല്‍ കിടന്നു പിടഞ്ഞു..

2011, ജൂലൈ 21, വ്യാഴാഴ്‌ച

മലയാളി പ്രേക്ഷകന്റെ പുറംപൂച്ച്‌


നാലു സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നു കാര്യമായ സിനിമ ചര്‍ച്ച നടത്തുകയാണങ്കില്‍
ഭൂലോകത്ത് ഇറങ്ങിട്ടുള്ള (കണ്ടിട്ടില്ലാത്ത,കേട്ടുകേള്‍വി മാത്രമുള്ള )ക്ലാസിക് സിമകളെ
കുറിച്ച് വാതോരാതെ സംസാരിക്കും.ഇത്തിരി താടിയുണ്ടങ്കില്‍,ആ ഊശാന്‍ താടിയില്‍ 
തിരിച്ചായിരിക്കും (കളിപ്പാട്ടം എന്ന സിനിമയിലെ സിദ്ദിക്കിന്റെ ശബ്ദവും വേഷവും ഓര്‍ക്കുക)
 ഇവന്റെയൊക്കെ സംസാരം.ചുമ്മാ...വെറും ജാഡ,കള്ള ബടുക്കൂസുകള്‍.
ഇവിടെ മലയാളത്തില്‍ ഇറങ്ങീട്ടുള്ള എത്ര നല്ല സിനിമകള്‍ മലയാളിപ്രേക്ഷകര്‍ കാണാതെ 
ചരമമടഞ്ഞു .എലിപത്തായം ,അനന്തരം,അമ്മ അറിയാന്‍ തുടങ്ങിയ അവാര്‍ഡു സിനിമകള്‍
എന്ന പഴികേട്ട സിനിമകളും അല്ലാത്ത സിനിമകളും കാണാതെ അല്ലങ്കില്‍ കണ്ടിട്ട് മനസിലാവാതെ,
(എനിക്ക് ഒട്ടും മനസിലായില്ല) ചപ്രാച്ചിയടിക്കുന്ന മലയാളിയുടെ ,നല്ലസിനിമകള്‍ ഇറങ്ങുന്നില്ല എന്ന
വിലാപം കേട്ട് സഹിക്കവയ്യാതരിക്കുമ്പോഴാണ്  രഞ്ജിത്തിന്റെ പലേരി മാണിക്യം ഇറങ്ങിയതു.
നാട്ടില്‍ ഉണ്ടായ സമയമായതു കൊണ്ട് റിലീസിംഗ് ദിവസം തന്നെ പടം കണ്ടു.തിയ്യറ്ററില്‍ രതിനിര്‍വ്വേദത്തിന് ‍
ഉണ്ടായ പ്രേക്ഷകരുടെ പകുതിപോലും ഉണ്ടായിരുന്നില്ല.(രതിനി‍ര്‍വ്വേദത്തിലെ ശ്വേതലീലകള്‍ കണ്ടു
നയനസുഖം അനുഭവിക്കാന്‍ തന്നെയാണ്  കൂടുതല്‍ പേരും, ഞാനും  എത്തിയത് എന്ന കാര്യത്തില്‍
സംശയം അശേഷമില്ല) ജൂണ്‍ 24 ന് സംസ്ഥാനത്തെ 56 തിയ്യറ്ററുകളില്‍ റിലീസ് ചെയ്ത
ദേശിയ ബഹുമതികള്‍ വാരികൂടിയ ആദാമിന്റെ മകന്‍ അബുവും മലയാളി പ്രേക്ഷകര്‍ കയ്യൊഴിഞ്ഞു
എന്നാണ് ഇന്നത്തെ മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .പലയാളുകളുടെയും ഫേസ് ബുക്ക്‌
പ്രൊഫൈലിലെ ഇഷ്ട്ട സിനിമകള്‍ നോക്കിയാല്‍ Bahman  gobadi ,mohsen makhmalbaf ,തുടങ്ങിയ
സിനിമ മേയ്ക്കര്‍മ്മാരുടെയും priates of the Caribbean ,akira kurosawa ,August rush തുടങ്ങിയ പേരുകള്‍ഒക്കെ കാണാം .എന്നിട്ടും മലയാളത്തിലെ പാവം അബുവിനെ എല്ലാവരും ചേര്‍ന്ന് കബറടക്കി.

ജീവിതം ഇത്രമാത്രം.

മഞ്ഞിന്‍റെ കനത്ത പാടകള്‍ കാറിന്‍റെ

വൈപ്പറിനും തുടച്ചു മാറ്റാന്‍ കഴിയാതെ

പിന്നെയും തണുപ്പിനെ വാരിപ്പുണര്‍ന്ന-

ഡിസംബറിലെഒരു വെളുപ്പാന്‍ കാലത്ത്,

ഓഫീസിലെത്താന്‍ വൈകിയതിന്‍റെ

അക്ഷമയെ മറച്ചുപ്പിടിക്കാന്‍ തിരക്കിനെ,

പുലഭ്യം പറഞ്ഞും ധൃതവേഗം പോകവേ-

പെടുന്നനെ എന്‍റെ ട്രാക്കിലേക്ക് മാറ്റിയ

ഹോണ്ടാസിവിക്ക് സിഗ്നലിന്‍റെ ചുവന്ന-

വെളിച്ചത്തിനു മുന്നില്‍ സഡന്‍ബ്രേക്കിട്ടു.

ചില്ലുകള്‍ ഉയര്‍ത്തിയ കാറിനുള്ളിലിരുന്നു-

തെറിമലയാളത്തില്‍ അവന്‍റെ വേഗതയെ പഴിച്ചു.

റേഡിയോഏഷ്യയുടെ പ്രധാന വാര്‍ത്തകള്‍

പറഞ്ഞു തീര്‍ന്നപ്പോഴേക്കും പച്ച തെളിഞ്ഞു.

ഹോണ്‍ മുഴക്കിയിട്ടും ഹോണ്ടസിവിക്ക്-

മുന്നോട്ടുപോവാതെ പച്ചയില്‍ നില്‍ക്കവേ,

ദേഷ്യം കൊടുമുടി കയറി. ഇറങ്ങിചെന്ന് -

ഡോര്‍വലിച്ചുതുറന്നു,

എന്‍റെ കൈതണ്ടയിലേക്കയാള്‍

നെട്ടറ്റൊയൊരു ഇലപോലെ ഊര്‍ന്നു വീണു.

വീണ്ടും സിഗ്നലില്‍ പച്ചയും ചുവപ്പും,

അതിനിടയില്‍ ജീവിതം.

(കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ പറഞ്ഞ അയാളുടെ അനുഭവം)

2011, ജൂലൈ 4, തിങ്കളാഴ്‌ച

സുല്‍ത്താന്റെ വീട്ടില്‍

ബീഡിപ്പുക ചുരുളിലും തെളിയും 
കഷണ്ടിത്തലയും , തലക്കുള്ളില്‍
വിരിഞ്ഞ കഥകളും, കഥ പറഞ്ഞു-
പറഞ്ഞു,കഥയായി മാറിയ ബഷീറും.
പിന്നെ, ആദി പുരാതനമാം-
കാലങ്ങളിലെന്നോ നട്ടുവളര്‍ത്തിയ
ആ മാങ്കോസ്റ്റയന്‍ മരവും,
പ്രിയ സൈഗാളിന്റെ പാട്ടൊഴുകും,
ഗ്രാമഫോണും, ചാരുകസേരയും
കാത്തു സൂക്ഷിച്ചു ഉമ്മറകസേരയിലിരുന്നു
ബഷീറിയന്‍കിസകള്‍പറഞ്ഞുതന്നു,ഫാബി*1
പാത്തുമ്മയുടെ ആടിന്റെ വിശപ്പ്‌
തിന്നു തീര്‍ത്ത,ശബ്ദങ്ങള്‍ ഒഴിഞ്ഞ 

രണ്ടേക്കര്‍ പുരയിടം നടന്നു-
കാണവേ, താമ്രപത്രതിനാല്‍ ഏറേറ്റ
കുറുക്കന്‍ പാഞ്ഞു പോകുന്നു.
മതിലുകല്‍ക്കപ്പുറത്തെ ഇടവഴിയിലൂടെ
നാരായണി ചിരിച്ചോടോടുന്നു .


സാറാമയുടെ കൈപിടിച്ച് പോകുന്ന
കേശവന്‍ നായര്‍ മണ്ടന്‍ മുത്തപ്പയോടു കയര്‍ക്കുന്നു,
രണ്ടു മൂരാച്ചി പോലിസ്കാര്‍ പ്രശ്നം പരിഹരിച്ചു.

പിന്‍വിളി കേട്ട് തിരിഞ്ഞു നോക്കവേ
ഫാബി പറയുന്നു, "ഇത് സുഹറ,
അപ്പുറത്തെ മജീദിന്റെ ഡുക്ഡുക്" *2

ഇതിഹാസകാരന്‍റെ ഇമ്മിണിബല്യ
കിസ്സകള്‍ക്ക് കൂട്ടിരുന്ന കൂട്ടുകാരിയോട്
യാത്ര ചോദിച്ചു പിരിയവേ,

മാങ്കോസ്റ്റയന്‍ മരച്ചുവട്ടില്‍
കുശലം പറഞ്ഞിരിക്കുന്നു-
കാര്‍ മേഘത്തിനിടയിലും തെളിയും

ചന്ദ്ര ബിംബം പോലെ ബഷീര്‍....             

*1 ഫാബി ബഷീര്‍ *2 ബഷീര്‍ പെണ്ണുങ്ങളെ വിളിക്കുന്ന പേരില്‍ ഒന്ന് .


2011, ജൂലൈ 2, ശനിയാഴ്‌ച

2011, ജൂൺ 25, ശനിയാഴ്‌ച

My Little Daughter


Liyafathima-my Little Daughter Slideshow: Jamal’s trip to Kerala, India was created by TripAdvisor. See another Kerala slideshow. Take your travel photos and make a slideshow for free.

2011, ജൂൺ 11, ശനിയാഴ്‌ച

യാചകര്‍



മഴകൊണ്ടൊരു വീടുണ്ടാക്കി 
കുളിരുകൊണ്ടൊരു പുതപ്പു നെയ്തു.
മഴവീട്ടില്‍ കുളിരുപുതച്ചുകിടക്കവേ,
പട്ടിണിമരണം കിനാവുകണ്ടു.
പൊട്ടിച്ചിരിച്ചു കൊണ്ടെഴുനേറ്റു.
പിന്നെ,കിതച്ചു.കൊതിപ്പിച്ച-
മരണത്തെ പ്രാകി,ഇരുട്ടിന്-
തീ കൊടുത്തു. പാത്രത്തില്‍-
പതിച്ച നാണയ തുട്ട്‌,
ജീവന്റെ സംഗീതമായ് .
വയറിനകത്ത്‌ കടലെരിഞ്ഞു .
കണ്ണെടുത്തു കയ്യില്‍ വച്ചു,
നാണയത്തിനായ്‌ പരതിയ-
പാത്രത്തില്‍ കപട വാക്കിന്‍-
കരിങ്കല്‍ ചീളുകള്‍. 
ജനാധിപത്യം ഊറിചിരിച്ചു.
വഴിയോരങ്ങളില്‍ നേതാക്കള്‍ 
ശ്ശര്‍ദിച്ചത് ഉറച്ചു സ്മാരകങ്ങളായി.
അതിനു താഴെ ഇങ്ങനെ-
കൊത്തിവച്ചിരിക്കുന്നു,യാചക-
നിരോധിത മേഘല.  
           

2011, ജൂൺ 10, വെള്ളിയാഴ്‌ച

ചപ്പിലഭൂതങ്ങള്‍


ആവണിപ്പാടം ഓര്‍മ്മയായ് 

ആകാശവും മറഞ്ഞുപോയ്‌ 
ആതിരരാവും ചോഴിയുമിന്നെന്റെ 

മുറ്റത്തുനിന്നെങ്ങോ മാഞ്ഞുപോയി.
കഞ്ഞിമാസത്തിലെ പഞ്ഞവും തീര്‍ന്നു 
ര്‍ക്കിടകഞ്ഞിതന്‍ സ്വാദും മറന്നു.
കഥപറഞ്ഞും കാര്യം ചൊല്ലും 
മുത്തശ്ശിപോലും കടങ്കഥയായ്. 
ഓമന പൈതലേ ചാരത്തുചേര്‍ത്തു
ര്‍മ്മകളോരോന്നയവിറക്കി.
ചപ്പിലകൊണ്ടൂ  ചമയമണിഞ്ഞ,

ചോഴിയും മക്കളെയും ര്‍ത്തുപോയി .
പാളക്കീറൂ മുഖത്തുകെട്ടി 
കരിക്കട്ടകൊണ്ടു മുഖം വരച്ചു
കുട്ടികള്‍ കൂട്ടുകാര്‍ ഒത്തൊരുമിച്ചു
ചപ്പിലഭൂതങ്ങള്‍ ര്‍ത്തുവിളിച്ചു.
തിരുവാതിര ഉച്ചക്ക് അമ്മവിളമ്പിയ
കുത്തരിച്ചോറും ചേമ്പിലതാളും
മുറ്റത്തിരുന്നു ഉണ്ണിയാമെന്നുടെ 
നാവൂറുപാടിയ പുള്ളൂവപ്പെണ്ണും...!
നഷ്ടബോധചിന്തയിലെരിഞ്ഞെന്നെ
തൊട്ടുണര്‍ത്തിയെന്‍ ഉണ്ണിചൊല്ലി    
കെട്ടിയാടിതരു  അച്ചനെനിക്കായ്
ചോഴിയും ചപ്പിലഭൂതങ്ങളും .
ചപ്പിലത്തേടി തൊടിമുഴുവന്‍

ചപ്പിലയുമില്ല ചേമ്പുമില്ല
വാഴയുമില്ല പയറുമില്ല
പുത്തരി വിളഞ്ഞാപ്പാടമില്ല,
മലയില്ല മരമില്ല കാടുമില്ല 
മണലില്ല പുഴയില്ല പൂക്കളില്ല
ര്‍ക്കിടകമഴയുടെ ചേലുമില്ല  
വൃശ്ചിക കാറ്റിന്റെ താളമില്ല.
മകരത്തിന്‍ കുളിരില്ല,മഞ്ഞുമില്ല
ധനുമാസരാവിന്‍ നിലാവുമില്ല
കുപ്പേല്‍പോലും മുളക്കും നെല്ല്  
കുംഭത്തിലെന്ന ചൊല്ലുമില്ല.
ആതിരയില്ല ആകാശമില്ല 
പോയകാലസ് മൃതികള്‍ പൂക്കും 
ആത്മാവില്‍ നീറും നോവുമാത്രം

2011, മേയ് 24, ചൊവ്വാഴ്ച

ജന്നത്തുല്‍ ഫിര്‍ദൗസ്



സുബര്‍ക്കത്തിന്‍റെ മണം-ന്നാ
ഈ അത്തറ് പുരട്ടി തന്ന്‌,
പെറ്റുമ്മ പറയാറ്.
ചുവന്ന കൂടിനു പുറത്തെ 
പുതിയാപ്ലയും,പുതിണ്ണും 
അറബികഥയില രാജകുമാരനും,
രാജകുമാരിയുമായി തോനി !
"പ്രേമത്തിന്‍റെ പരിമളം അത് 
ഒളിച്ചു വെച്ചാലും,ഒളിച്ചിരിക്കില്ല"
ന്ന്-എന്നെ അനുഭവിപ്പിച്ചു.
ജുമായ്ക്ക് പോവുമ്പോള്‍,കൂട്-
തുറന്ന് പഞ്ഞിയെടുത്തു നനച്ചു,
ചെവിയില്‍ തിരുകി തന്നു പെറ്റുമ്മ.
പ്രണയത്തിന്‍റെ ഗന്ധം ചെവിയില്‍-
പേറുമ്പോള്‍,പ്രണയിനിക്കായ്-
ചെവി മുറിച്ചവന്‍റെ കഥ പറഞ്ഞ്-
തന്നത്,കൂട്ടുകാരന്‍ മണികണ്ഠനാണ്.   
മരണവീട്ടിലും, വയല്‍ വരമ്പിലൂടെ,
മയ്യത്ത് കൊണ്ടുപോയപ്പോഴും,
അത്തറിന്‍റെ മണംപരന്നു.
സുബര്‍ക്കത്തില്‍ നിന്ന് 'റൂഹെ'ടുക്കാന്‍ 
വന്നവരുടെ മണമായിരിക്കും.  
ജന്നാത്തുല്‍ ഫിര്‍ദൗസിന്‍റെ മണവുമായി
ആരോ പിന്നിലുണ്ടന്നു തോണിയനേരം,
ചുമരിലെ ഘടികാരത്തില്‍ സൂര്യന്‍-
അസ്തമിച്ചിരുന്നു.
                        -ജമാല്‍ മൂക്കുതല-

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ജീവനാശിനി


  
ജീവനാശിനി 

രാത്രിയുടെ നിശബ്ദദയെ കാമിച്ചു-
അതിലേയ്ക്ക് ലയിച്ചും  മൌനിയായിരിക്കെ,
തെരുവിലുയര്‍ന്നൊരാര്‍ത്ത നാദമെന്‍-
മൌനത്തെഭേദിച്ചു ശ്രവണേന്ദ്രിയംതകര്‍ത്തു.
എന്നിട്ടുമവര്‍,ഒന്നുമറിയാതെ സിംഹാസനങ്ങളില്‍-
ആസനസുഖ നിര്‍വൃതിയിലമര്‍ന്നിരുന്നു.
തെരുവ് കത്തുന്നു,ജനരോഷം ഘോര-
ഘോരമുയരുന്നു ജീവനാശിനിക്കെതിരെ.
ആബാലവൃദ്ധജനങ്ങളും,
ആത്മരോഷത്തോടെ വിലപിക്കവേ...
മലര്‍ത്തിക്കിടത്തിയ ജീവച്ഛവങ്ങള്‍ വെച്ച്,
രാജസന്നിധിയില്‍ അവര്‍ പകിട കളിക്കുന്നു.
നീട്ടിതുപ്പിയ ചോരചേര്‍ത്തവരെഴുതുന്നു-
മരണത്തിന്‍റെ ചുവരെഴത്തുകള്‍.

2 രൂപ അരി!!!

രണ്ടുരൂപ അരിമേടിക്കാന്‍ 
അങ്ങാടിയില്‍ പോയപ്പോള്‍ 
അപ്പേരുടെ കടയിലെ പോസ്റ്റര്‍ കണ്ടു. 
അരിയിറക്കി വോട്ട് പിടിക്കാന്‍ 
ചട്ടം കൂട്ടും സര്‍ക്കാരെ, 
ആ അരി ഇക്കലത്തില്‍ വേവൂല.
22 രൂപ അരി 2 രൂപയ്ക്ക് കിട്ടുമെന്ന- 
മോഹം അത്താഴ പാത്രത്തില്‍-
തിളച്ചു മറിഞ്ഞു.
കാലി സഞ്ചിയും തൂക്കിവരുന്ന -
എന്നെ കണ്ടിട്ടാവാം-
കലിതുള്ളി കെട്ടിയോള് പ്രാകുന്നു,
അരി മുടക്കികള്‍ക്ക്,
അത്താഴ പശ്ണിക്കാരന്‍റെ വോട്ടില്ല!!!

2011, മാർച്ച് 20, ഞായറാഴ്‌ച

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

അസ്തമയം




അന്തിപൂത്തു നില്‍ക്കുമീ
അമ്പലമുറ്റത്തെ അരയാല്‍ മതിലില്‍
അന്തി വെടിവട്ടം പറഞ്ഞിരിക്കെ
ഓര്‍ത്തു ഞാന്‍ കൂട്ടുകാരാ...
ഇനി എത്രനാള്‍ നാമിങ്ങിനെ
അന്വോന്യം പങ്കുവെക്കുമീ വര്‍ത്തമാനങ്ങള്‍.
കാലമെത്രയോയായി ഒത്തുചേര്‍ന്നവര്‍
യാത്രപറയാതെ പിരിയുമ്പോള്‍
ബാക്കിവെച്ച നൊമ്പരങ്ങള്‍
ചേര്‍ത്തു നാം പോകവേ ,
ഓര്‍ത്തുവോ...കൂട്ടുകാരാ...
എന്നെ വിട്ടു നീയോ....?
നിന്നെ വിട്ടു ഞാനോ....?
തൊടിയിലെ മൂത്തമാവിന്‍ വിറകിനൊപ്പം,
പള്ളിപറമ്പിലെ ആറടി മണ്ണിന്‍ ആഴങ്ങളില്‍
അടങ്ങുകയോ ഒടുങ്ങുകയോ ചെയ്യാത്ത
ആത്മാക്കള്‍ ഇപ്പോഴുമീ ആല്‍ത്തറയില്‍
വെടിവട്ടം പറയാനായ് കാത്തിരിക്കുന്നു.
കാത്തിരിക്കുക, കൂടുകരാ...
വീട്ടുകാരിയോടൊന്നു പറയട്ടെ
നെഞ്ച്ചത്തടിച്ചു കരയല്ലെയെന്ന്...,
-ജമാല്‍ മൂക്കുതല-



ജാലകം

2011, ഫെബ്രുവരി 19, ശനിയാഴ്‌ച

വിരഹാര്‍ദ്രമായ് സഖി

വിരഹാര്‍ദ്രമായ് സഖീ...നിന്നെയോര്‍ത്തു 
വിഷാദ ഭൂമിയില്‍ തനിച്ചാകവേ
വിദൂരമാണു നീ എങ്കിലും പ്രിയേ 
ഒരു വിരഹഗാനമായി അരികിലുണ്ട് .
വിട പറഞ്ഞു ഞാന്‍ പിരിഞ്ഞ നേരം 
വിതുമ്പിയ നിന്‍ മിഴികളിലും 
വിറയാര്‍ന്ന നിന്‍ ചൊടികളിലും
പറയാന്‍ മറന്നൊരു മൌനമെന്തേ,
മിഴിനീരാല്‍ നനഞൊരന്‍-
ശയ്യാവിരിയില്‍,
മൃദുസ്പര്‍ശമേകാന്‍
 കൊതിയോടെ തിരയുമ്പോള്‍ 
പരിഭവങ്ങള്‍ പാതിയാക്കി
മാഞ്ഞുപോയതെന്തേസഖീ...,                                       
ജാലകതിരശീലയിളകി
ഒഴുകിയെത്തും കുളിര്‍കാറ്റിനൊപ്പം
കേള്‍ക്കുമീ ഗസല്‍ നാദമെല്ലാം
സഖി, നിനക്കായ് തീര്‍ത്തതല്ലേ.
                              വിരഹാര്‍ദ്രമായ് സഖീ...