2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച



പുലര്‍ച്ച അമ്പലകുളത്തിലെ കുളിയും തേവാരവും കഴിഞ്ഞു ഭസ്മവും പൂശി അപ്പേര് ലക്ഷ്മി വിലാസം ടീ ഷാപ്പ്‌ തുറക്കുന്നതിനു മുന്പ് തന്നെ സ്ഥിരം പറ്റുകാരനായ മൂസകുട്ടിക്ക പാല്‍ക്കാരി അമ്മുവുമായി കൊച്ചുവര്‍ത്തമാനം തുടങ്ങിയിരിക്കും .അപ്പേരുടെ ഭാര്യാ ലക്ഷ്മ...ിയേടത്തി വാഴയിലയില്‍ തരുന്ന ഇട്ടിലിക്കും,ചട്ടിണിക്കും-ഉള്ള സ്വാദ് കാലം ഏറെ മറഞ്...ഞു പോയിട്ടും മൂക്കുതലക്കാരായ ഞങ്ങള്‍ മറന്നിട്ടില്ല.പിന്നെ മാനത്തു നിന്ന് അപ്പേര് ഒഴിക്കി കൊണ്ട് വരുന്ന ചായക്കുളള സ്വാദും എത്ര അവര്‍ണ്ണനീയം. പക്ഷെ..അന്നത്തെ യുവാക്കള്‍ കയറി വന്ന് ഒരു കട്ടനും ,കാപ്പിയും ,പൊടിച്ചായയും,പാല്ച്ചായയും സ്ട്രോഗും ,മീഡിയവും ഒരുമിച്ചു പറഞ്ഞാല്‍ തന്‍റെ മര പണപ്പെട്ടി പൂട്ടി -സമോവര്‍ന്‍റെ തീയ്യനച്ചു കട പൂട്ടിയെന്ന് പറഞ്ഞ് അപ്പേര് പോകും. കേരളത്തിന്‍റെ ഗതകാലസവിശേഷതകളില്‍ സര്‍വ്വസാദാരണമായ ഒരു ഗ്രാമദൃശ്യമായിരുന്നു ഈ ചായകടകളും ,പില്‍ക്കാലത്ത് എല്ലാവരും പറഞ്ഞ ഈ തമാശയും.

2010, ജൂൺ 5, ശനിയാഴ്‌ച

പ്രഭാതത്തില്‍ മരിച്ച സുഹൃത്തിനു

മഴ പെയ്തു തോര്‍ന്നു
മാനം തെളിഞ്ഞു
മനസ്സ് തെളിഞ്ഞില്ല
മൗനം പിന്നെയും തുടര്‍ന്നു.
മൗനമായിരുന്നു ഭാഷണം
മൃതുലമായിരുന്നു മുഖം
മാംസളമായിരുന്നു ശരീരം
മൗനം പിന്നെയും തുടര്‍ന്നു.
മക്കളെക്കുറിച്ചോര്‍ത്തു
മനൈവിയേയുമോര്‍ത്തു
മണ്‍ മറഞ്ഞവരെയുമോര്‍ത്തു
മൗനം പിന്നെയും തുടര്‍ന്നു.
മിഴികളില്‍ നനവുപടര്‍ന്നു
മരണം പിടലിയോളമടുത്തു
മണം പിടിച്ചെത്തും പൂച്ചയെപോലെ
മനസ്സിന് എലിയുടെ പിടച്ചില്‍ .
മരണത്തിന്‍റെ പ്രഭാതമറിയാതെ
മണവും കുളിരുമറിയാതെ
മാംച്ചുവട്ടിലെ സ്മൃതിപദങ്ങളില്‍
മൗനമായി....മഴതേങ്ങലായി......






2010, ജൂൺ 2, ബുധനാഴ്‌ച

സ്നേഹപൂര്‍വ്വം ദാസേട്ടന്

പ്രിയപ്പെട്ട പാട്ടുകാരന്‍റെ70താം പിറന്നാളിന്
ഈ വിനീതആസ്വാദകന്‍റെ അക്ഷര പ്രണാമം.




മലയാണ്മയില്‍ നിന്നും മരുഭൂമിയിലേക്ക് മലയാളി അന്നം തേടിയെത്തിയ ഗള്‍ഫ്‌ പ്രവാസം അരനൂറ്റാണ്ട് പിന്നിടുന്നു.
ഇന്ന് അത്രയൊന്നും പ്രയാസങ്ങള്‍ അനുഭവിക്കാത്ത മയാളികളെയും ധാരാളം കാണാം .പക്ഷെ മുന്‍പ് അങ്ങിനെ
ആയിരുന്നില്ല കാര്യങ്ങള്‍.പ്രയാസങ്ങള്‍ ഏറെ അനുഭവിക്കുന്ന മലയാളികളായിരുന്നു ധാരാളം.
അവരാണ് പ്രവാസത്തിന്‍റെ ഈ കാനനത്തിലൂടെ മുന്‍പേ പറന്ന പക്ഷികള്‍.ജീവിതത്തില്‍ ബാക്കി വെച്ചത് നരച്ച ഓര്‍മ്മകളും ഉശിര് ചോര്‍ന്ന ശരീരവും മാത്രം. അവര്‍ക്കായി സമര്‍പ്പിക്കുന്നു ഈ രണ്ടു കവിതകള്‍.

2010, ജൂൺ 1, ചൊവ്വാഴ്ച

അനുരാഗത്തിന്‍റെ ദിനങ്ങള്‍



വാകപൂമരങ്ങള്‍ സാക്ഷിയായ്
മൂകമായൊഴികിയെന്‍ അനുരാഗം .
മാനസോദ്ദ്യാനത്തില്‍ വിരിഞ്ഞു
പ്രേമസുരഭിലമായെന്‍ അനുരാഗം .
പറഞ്ഞാലും കൊതിതീരാത്ത
പ്രണയ രഹസ്യമായെന്‍ അനുരാഗം .
പറഞ്ഞു ചങ്ങാതിമാര്‍ കളിവാക്കു-
പറഞ്ഞ പരസ്യമായെന്‍ അനുരാഗം .
കലാലയ ചുമരുകള്‍ പറഞ്ഞ
കഥകളില്‍ ഒന്നായെന്‍ അനുരാഗം .
ഗുരുനാഥന്‍റെ കാതുകളറിഞ്ഞപ്പോള്‍
ശാസനയുടെ ഗര്‍ജ്ജനമായെന്‍ അനുരാഗം .
പറഞ്ഞുകേട്ടച്ഛനറിഞ്ഞപ്പോള്‍
അടിപൂരത്തിന്‍റെ ചെണ്ടയായെന്‍ അനുരാഗം .
എന്നിട്ടും ,അവള്‍ മാത്രമറിഞ്ഞതായി
അറിഞ്ഞില്ല...!അനുരാഗത്തിന്‍റെ ആദിനങ്ങള്‍ .

2010, മേയ് 31, തിങ്കളാഴ്‌ച

അപ്പൂപ്പന്‍താടി പോലെ ഒരു ബാല്യകാലം


നട്ടുച്ച നേരത്ത് വട്ടം തിരിഞ്ഞു ഞാന്‍
പട്ടം പറപ്പിച്ച ബാല്യകാലം
നെട്ടറ്റുപോയ പട്ടത്തിന്‍ പിന്നാലെ
കണ്ണുനട്ടോടിയ കുട്ടികാലം.


കുട്ടികള്‍ ഞങ്ങളൊക്കയും തന്നെ
കുട്ടിം,കോലും കളിച്ചകാലം .
കണ്ണുപൊത്തി കളിച്ചപ്പോഴൊക്കയും
കൈതപൂ കാട്ടിലൊളിച്ച കാലം .


കൂട്ടുകാരൊത്തു തോട്ടുവരമ്പില്‍
തോര്‍ത്തുമുണ്ടാലെത്ര മീന്‍പിടിച്ചു .
കുരുത്തോലയാല്‍ മുടഞ്ഞൊരു പന്തിനാല്‍
ഏറുകളെത്ത്രയോ കൊണ്ടുഞ്ഞാനും.
കാലുവയ്യാത്തവനെന്നമ്മ പറഞ്ഞിട്ടും .
കണ്ടമരത്തിലൊക്കെയുംകയറി .

നാരങ്ങ തോലുകൊണ്ടനിയെത്തി പെണ്ണിന്‍റെ
നീര്‍മിഴി നിറയിച്ച കുസൃതികാലം .
വളപ്പൊട്ടുവളച്ചിട്ട് വരണമാല്യം ചാര്‍ത്താന്‍
വധുവായ്‌ ചമഞ്ഞവളും ഓര്‍മ്മയായ്.


നെട്ടറ്റുപോയ പട്ടത്തെ പോലെ
പെട്ടന്നുപോയി മറഞ്ഞൊരാ കാലം
മഞ്ചാടി കുരുപോലെ കൂട്ടിവച്ചീടും
മനസ്സിന്‍ചെപ്പിലാ നല്ലകാലം.


തന്നിടാം ഞാനെന്‍റെ യൗവ്വനം,
തന്നിടാം സല്‍ക്കീര്‍ത്തി,സമ്പത്തുമൊക്കെയും...
തന്നിടുമോ എനിക്കെന്‍റെ ബാല്യകാലം,
തന്നിടുമോ കളികൂട്ടുകാരിയെയും, കളിവഞ്ചിയും.
പാടുന്നു ഗസല്നാദം ജഗജിത് സിഗും,
ഏറ്റുപാടുന്നു ഞാനുമെന്നോര്‍മകളും.
ജമാല്‍ മൂക്കുതല
jamalckm@gmail.com

2010, മേയ് 26, ബുധനാഴ്‌ച

ഹൃദയത്തിനും കുറുകെ വേലി തീര്ത്തതാര്....?

കുര്‍ത്തയില്‍ നീണ്ടു നിവര്‍ന്നു നില്‍ക്കുമീ
അജാനബാഹുക്കളെ കണ്ടപ്പോള്‍
പ്രഥമ പ്രവാസ രാത്രിയില്‍ ഞാനറിഞ്ഞു
ഇവരാണ് പട്ടാണികള്‍,എന്‍ നാടിനയല്‍ക്കാര്‍

ഭയപ്പാടിന്‍റെയും ഭാഷയുടെയും
അതിര്‍ വരമ്പുകള്‍ തെല്ലൊന്നു അകന്നുമാറിയപ്പോള്‍

സൗഹൃദത്തിന്‍റെ കനത്ത റൊട്ടിയില്‍
അവര്‍ എനിക്കു സ്നേഹത്തിന്‍റെ ദാലോഴിച്ചു
സഹമുറിയന്മാരാം ഞങള്‍ക്കിടയില്‍
രാജ്യാതിര്‍ത്തിതീര്‍ത്തത് ക്രിക്കറ്റിനെ കുറിച്ച് മാത്രമാണ്
സാനിയ ദീദിയെ കെട്ടിച്ചയച്ച-
മനക്ലേശത്തിന്‍റെ രാത്രിയില്‍ കാലില്‍ തറച്ച -
സൈറ്റിലെ ആണി നല്‍കിയ -
അസഹ്യവേദനക്ക് കാവലിരുന്ന
ഈ പാക്കിസ്ഥാനി ചങ്ങാതിയുടെ ഹൃദയത്തിനും
എന്‍റെ ‍ഹൃദയത്തിനും കുറുകെ –
ആരും കമ്പിവേലി കെട്ടിയില്ല.
ഒരു പട്ടാള കാവലുമില്ല.
പരസ്പ്പരം കണ്ണുനീരില്‍ കുതിര്‍ന്ന
വേര്‍പ്പാടിന്റ്റെ കന്മഷം പടര്‍ത്തിയ
ഫോര്‍ക്കുലിഫ്ട്ടിന്‍ അടിയില്‍ അരഞ്ഞു പോയ
ആ പാക്കിസ്ഥാനി ചങ്ങാതിയുടെ കബറിലേക്ക്
വാരിയിട്ട മൂനുപിടി ചുടുമണല്‍-
എന്നോട് എഴുന്നു ചോദിക്കുന്നു
ഈ മൂനുപിടി മണ്ണിനുമുണ്ടോ
അതിരുകള്‍ തീര്‍ത്ത പട്ടാളകാവല്‍...?