2011, ജൂലൈ 21, വ്യാഴാഴ്‌ച

ജീവിതം ഇത്രമാത്രം.

മഞ്ഞിന്‍റെ കനത്ത പാടകള്‍ കാറിന്‍റെ

വൈപ്പറിനും തുടച്ചു മാറ്റാന്‍ കഴിയാതെ

പിന്നെയും തണുപ്പിനെ വാരിപ്പുണര്‍ന്ന-

ഡിസംബറിലെഒരു വെളുപ്പാന്‍ കാലത്ത്,

ഓഫീസിലെത്താന്‍ വൈകിയതിന്‍റെ

അക്ഷമയെ മറച്ചുപ്പിടിക്കാന്‍ തിരക്കിനെ,

പുലഭ്യം പറഞ്ഞും ധൃതവേഗം പോകവേ-

പെടുന്നനെ എന്‍റെ ട്രാക്കിലേക്ക് മാറ്റിയ

ഹോണ്ടാസിവിക്ക് സിഗ്നലിന്‍റെ ചുവന്ന-

വെളിച്ചത്തിനു മുന്നില്‍ സഡന്‍ബ്രേക്കിട്ടു.

ചില്ലുകള്‍ ഉയര്‍ത്തിയ കാറിനുള്ളിലിരുന്നു-

തെറിമലയാളത്തില്‍ അവന്‍റെ വേഗതയെ പഴിച്ചു.

റേഡിയോഏഷ്യയുടെ പ്രധാന വാര്‍ത്തകള്‍

പറഞ്ഞു തീര്‍ന്നപ്പോഴേക്കും പച്ച തെളിഞ്ഞു.

ഹോണ്‍ മുഴക്കിയിട്ടും ഹോണ്ടസിവിക്ക്-

മുന്നോട്ടുപോവാതെ പച്ചയില്‍ നില്‍ക്കവേ,

ദേഷ്യം കൊടുമുടി കയറി. ഇറങ്ങിചെന്ന് -

ഡോര്‍വലിച്ചുതുറന്നു,

എന്‍റെ കൈതണ്ടയിലേക്കയാള്‍

നെട്ടറ്റൊയൊരു ഇലപോലെ ഊര്‍ന്നു വീണു.

വീണ്ടും സിഗ്നലില്‍ പച്ചയും ചുവപ്പും,

അതിനിടയില്‍ ജീവിതം.

(കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ പറഞ്ഞ അയാളുടെ അനുഭവം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ